2014 നവംബർ 18, ചൊവ്വാഴ്ച

അവകാശി

                                                                 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് അയാള്‍ ബാലിയാടായത് . വെട്ടി കൊലപ്പെടുത്തുകയായിരുന്നു .... . രാഷ്ട്രീയ കൊലപാതകം , ഇരുപതു  ദിവസം കഴിഞ്ഞിരിക്കുന്നു, മാധ്യമങ്ങള്‍ അത് കൊണ്ടാടിക്കഴിഞ്ഞു  . ഒരാഴ്ചത്തേക്ക് ഇതായിരുന്നു  മുഖ്യവാര്‍ത്ത‍. അയാളുടെ വീട്ടില്‍ ആളുകള്‍ ഒഴിഞ്ഞിരിക്കുന്നു. വീട്ടില്‍ എത്തുന്ന പത്രങ്ങളില്‍ നിന്നും കൊലപാതകത്തിന്‍റെ വാര്‍ത്തകള്‍ ആരോ വെട്ടി മാറ്റുന്നു..... അലമാരക്കുള്ളില്‍ വച്ച പുസ്തകത്തില്‍ അയാളുടെ പന്ത്രണ്ടുകാരന്‍ മകന്‍ പത്രതുണ്ടുകള്‍ ഭദ്രമായി വച്ചിരിക്കുന്നു, അവന്‍റെ  ജീവിതം കരുപിടിപ്പിക്കാനുള്ള നല്ല  ആയുധമായിമാറ്റാന്‍.

2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച

അമ്മ

                                              മകളുടെ വിവാഹത്തിന്റെ അന്നും അവര്‍ ഒരുരുള ചോറു മാറ്റിവയ്ച്ചു, അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വര്‍ഷങ്ങളായുള്ള ശീലമാണത് . എന്തിനാണെന്ന ചോദ്യത്തിന് അവര്‍ ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല.  ആ ചോദ്യത്തിനും കണ്ണുകള്‍ നിറയ്ക്കും. അതുകൊണ്ടു തന്നെ പിന്നീട് ആരും അത്  ചോദിക്കാതെയായി. മകള്‍ക്ക് കൊടുക്കുന്നതില്‍ നിന്നുപോലും അവര്‍ ഒരു പങ്ക് മാറ്റിവയ്ക്കും.                                               
                                               ഇന്നും അയാള്‍ അവളെ നോക്കി ചിരിച്ചു "കോപ്രായങ്ങള്‍" അയാള്‍ അവളോട്‌ പറഞ്ഞു. പലപ്പോഴും അത് കേള്‍ക്കുമ്പോള്‍ അവള്‍ക്കു പറയണമെന്നുണ്ട്, 'ഉദ്യോഗത്തിന്റെ കാര്യം പറഞ്ഞും സാമ്പത്തിക ഭദ്രതയുടെ കാര്യം പറഞ്ഞും  നമ്മള്‍ നശിപ്പിച്ച നമ്മുടെ ആദ്യത്തെ കുഞ്ഞിനു വേണ്ടിയാണ് തനിന്നും ഒരു പങ്ക് മാറ്റിവയ്ക്കുന്നതെന്ന് '.  അയാള്‍ അത് മറന്നിരിക്കുന്നു, അവള്‍ ഇന്നും ഒരു തേങ്ങലായി അതുള്ളില്‍ സൂക്ഷിക്കുന്നു. കാരണം അവള്‍ അമ്മയാണ് ...........

2014 ജൂൺ 12, വ്യാഴാഴ്‌ച

മകള്‍

                              അവള്‍ ദേഷ്യത്തിലാണ് മകളുടെ പുസ്തകങ്ങളും തുണിയും വാരികൂട്ടിയിട്ടിരിക്കുന്നു."തീയിട്ടു നശിപ്പിക്കും ഞാനിതൊക്കെ .......... ഒന്നും ബാക്കി വാക്കില്ല". അവള്‍ പിറുപിറുത്തു. ഇതെല്ലാം കണ്ടുകൊണ്ട് അയാള്‍ കസേരയില്‍ അനങ്ങാതെ ഇരിക്കുകയാണ് ഒന്നും മിണ്ടാതെ ..... . "അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരുവന്‍റെ കൂടെ ഇറങ്ങിപോയിക്കുന്നു. എങ്ങനെ വളര്‍ത്തിയതാനവളെ". അവര്‍ പിറുപിറുത്തുകൊണ്ടേയിരുന്നു. "മണ്ണെണ്ണ ഒഴിച്ചുകത്തിക്കണം ...... " അവളുടേതായ ഒന്നും ഇവിടെ ഇനിവേണ്ട ...........ഇനിയുമുണ്ട് ........ അവളുടെ ജാതകം എഴുതിയത് .........,,, അവളെ പ്രസവിച്ചപ്പോളുള്ള ഹോസ്പിറ്റല്‍ രേഖകള്‍ ........ എല്ലാം പഴയ പെട്ടിയിലാണ്. അവര്‍ ആ പെട്ടി വലിച്ചെടുത്ത് തുറന്ന് അതിലുള്ളതെല്ലാം വലിച്ചു പുറത്തിട്ടു. ഓരോന്ന് മറിച്ചു മറിച്ചു നോക്കുന്നതിനിടയില്‍ അവരുടെ  കയ്യില്‍നിന്നും എന്തോ ഊര്‍ന്നു താഴെവീണു. അവര്‍ കുനിഞ്ഞ്‌ അതെടുത്തു പഴയ ഒരു ഫോട്ടോ ,..... മിക്കവാറും ദ്രവിച്ചുതുടങ്ങിയിരുന്നു. അവര്‍ ആ ഫോട്ടോയില്‍തന്നെ നോക്കിനിന്നു. ദേഷിച്ചു ചുവന്നിരുന്ന അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി ...... അതു നിറഞ്ഞു . ഒരു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒഴുകി താഴെക്കുവീണു. മനസ്സില്‍ നിന്നും  അറിയാതെ ആ വാക്കുകള്‍........ അമ്മ ...., ഇപ്പോള്‍ അവള്‍ അറിയുന്നു, ഇരുപത്തിഅഞ്ചു വര്‍ഷം മുന്‍പ് തന്‍റെ അമ്മയുടെ മനസ്സെന്തായിരുന്നു എന്ന്. അന്ന് താന്‍ പറഞ്ഞ  ജനറേഷന്‍ ഗ്യാപ് ഇല്ലാതെ ...........

ആശംസ

                                        "തന്‍റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിക്ക് നല്ല വിവാഹാലോചനകള്‍ ക്ഷണിക്കുന്നു."
കൂടെ യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പരും......., ശരിയാണ് കാരണങ്ങള്‍ അവളുടെതയിരുന്നില്ല, തന്‍റെതു മാത്രം.........., അയാള്‍ പത്രം ടീപോയിലെക്കിട്ടു. പത്രം പഴകിയിരിക്കുന്നു. അടുത്ത ആഴ്ച്ച അവളുടെ വിവാഹമാണ്. ആശംസകള്‍ അറിയിക്കണം. പത്രത്തില്‍ ആശംസകള്‍ കൊടുക്കാം.അതാണ് നല്ലത്.ഒരു പൂച്ചെണ്ടിന്‍റെ ചിത്രം കൊടുക്കണം താഴെ ആശംസകളും.... അയാള്‍ ചിരിച്ചു.
                                  ഇന്നാണ് അവളുടെ വിവാഹം. വാക്കുപാലിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പക്ഷെ പത്രത്തില്‍ പൂച്ചെണ്ടിന്‍റെ ചിത്രം  ഉണ്ടായിരുന്നു. ആ പൂച്ചെണ്ടിന്‍റെ പിന്നില്‍ അയാളുടെ ഫോട്ടോയും ........

2014 ജൂൺ 10, ചൊവ്വാഴ്ച

ആരാധന

                                          ക്ഷേത്രത്തില്‍ നല്ല തിരക്കാണ് അഭിഷേകവും നിവേദ്യവും .... അന്നദാനത്തിനായി കൂപ്പണ്‍ കൊടുക്കുന്നതിന്‍റെ തിരക്ക്, അന്നദാനത്തിന്‍റെ ക്യുവില്‍ തിരക്ക്, കാണിക്ക എണ്ണുന്നതിന്‍റെ വിഹിതം വയ്ക്കുന്നതിന്‍റെയും തിരക്ക്. വിഗ്രഹതിനുമുമ്പില്‍ പാലും നെയ്യും പഞ്ചാമൃതവും നിരത്തിവച്ചു പൂജിക്കുന്നതിന്‍റെ തിരക്ക്. ജനങ്ങള്‍ വന്നും പോയിയും നില്‍ക്കുന്നു.
                                           ഈ തിരക്കിലൊന്നും പെടാതെ രണ്ടുപേര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. തന്‍റെ ഭിക്ഷാപത്രത്തിലേക്ക് നാണയത്തുട്ടുകള്‍ വീഴുന്നത് പ്രതീക്ഷിച്ചിരിക്കുന്ന ഭിക്ഷക്കാരനും, ആ നാണയത്തുട്ടുകള്‍ കൊണ്ട് അയാള്‍ വാങ്ങുന്ന ആഹാരത്തില്‍ നിന്നു ഭക്തിയോടെ മാറ്റിവക്കുന്ന ഒരു പങ്കു പ്രതീക്ഷിച്ച് ഈശ്വരനും ............

കൂട്ട്

                                                                 പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയായി. "നാശംപിടിച്ച പട്ടി" ആരോ കല്ലെറിഞ്ഞാണ് ഓടിച്ചത്. അവന്‍ ആ മതില്‍ക്കെട്ടിനു പുറത്ത് ചുറ്റിപ്പറ്റി നിന്നു. പറമ്പില്‍ നിന്ന് കറുത്ത പുക ഉയരുന്നു. ഇനി കൈസര്‍......... എന്ന വിളികേള്‍ക്കില്ല . സമ്പന്നന്‍റെ മരണം എല്ലാവര്ക്കും ആഘോഷമായിരുന്നു. രണ്ടു ജീവികള്‍ മാത്രമുണ്ടായിരുന്ന ആ വീടിന് ഇന്ന് അവകാശികള്‍ ഏറയാണ്. അവന്‍ ആ റോഡിന്‍റെ ഒരം ചേര്‍ന്ന് നടന്നു. തന്നെ നോക്കി കണ്ണുകളടച്ച ആ യജമാനന്‍റെ കണ്ണില്‍നിന്നുവീണ കണ്ണുനീരിന്‍റെ ഉപ്പ് അവന്‍റെ നാവില്‍ അപ്പോഴും ഉണ്ടായിരുന്നു.

2014 ജൂൺ 5, വ്യാഴാഴ്‌ച

പുനരാവിഷ്കരണം

                                                   വെളുത്ത് നനുത്ത് ഭാരമില്ലാത്തഒരവസ്ഥ. മനസിനുവല്ലാത്ത വിങ്ങല്‍, എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി.....! ഇടവഴിയിലെല്ലാം ആള്‍ക്കൂട്ടം , അതിനിടയിലൂടെ മുന്നോട്ടു നടന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്തുപറ്റി ..... അറിയില്ല. വല്ലാത്ത വീര്‍പ്പുമുട്ടല്‍ ...... അയാള്‍ മുന്നോട്ടു നടന്നു. .....
                                                   അപ്പോഴും ആരുടെയോ വരവും പ്രതീക്ഷിച്ച് വെളുത്ത തുണിയില്‍ പൊതിഞ്ഞ അയാളുടെ ശരീരം ഉമ്മറത്ത്‌ കിടപ്പുണ്ടായിരുന്നു.......!!!

2014 ജൂൺ 4, ബുധനാഴ്‌ച

കള്ളന്‍

                                                      ജനാലയ്ക്കരികില്‍ ഒരു നിഴലനക്കം അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റു. ജനാല തുറന്നു പതുക്കെ നോക്കി. മതിലിനുമുകളില്‍ രണ്ടു തലകള്‍. കള്ളന്മാര്‍........ ഇവിടെ താന്‍ മാത്രമേ ഉള്ളു അയാള്‍ നെഞ്ചിടിപ്പോടെ ഓര്‍ത്തു. അതറിഞ്ഞിട്ടു വന്നവരകുമോ? മതിലിനപ്പുറത്ത് എന്തൊക്കെയോ പുകയുന്നു, അടക്കിപിടിച്ച സംസാരവും കേള്‍ക്കുന്നു. ഈശ്വരാ.... എന്ത് ചെയ്യും. താന്‍ ഒറ്റയിക്കാണെന്ന് മനസിലാക്കി വന്നതാണ്‌ ഉറപ്പ്. പാലുകൊണ്ടുവരുന്ന കുമാരനോടുമാത്രമാണ്‌ താന്‍ തനിച്ചുള്ളകര്യം പറഞ്ഞത്. അവനായിരിക്കും ഇതിനു പിന്നില്‍. തന്നെ അപായപെടുത്തി സ്വര്‍ണവും പണവും അപഹരിക്കാനാവും പദ്ധതി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആരും ഒന്നും അറിയാതെ പോകരുത്. അയാള്‍ ഒരു വെള്ള പേപര്‍ എടുത്തു എല്ലാം വിശദമായിത്തന്നെ എഴുതി, ഒടുവില്‍ കൂട്ടിച്ചേര്‍ത്തു  "എന്‍റെ മരണത്തിനു പിന്നില്‍ കുമാരന്‍റെ കറുത്ത കരങ്ങളാണ് "
                                     വീണ്ടും ജനാലകളും വാതിലുകളും അടചെന്നുറപ്പു വരുത്തി. മെയിന്‍ സ്വിച്ച് ഓഫ്‌ ആക്കി എന്തായാലും അവന്‍ അകത്തു വരട്ടെ ..... കള്ളന്‍. വെട്ടുകത്തിഎടുത്തു കട്ടിലിനടിയില്‍ കയറി  ചാക്കുകൊണ്ട് മൂടികിടന്നു......
                                     ആരോ വിളിക്കുന്ന ശബ്ദം തനിക്കെന്തുപറ്റി ഉറങ്ങിപ്പോയോ ..........? വിജയേട്ടാ ....... ആരോ വിളിക്കുന്നു. കുമാരന്റെ ശബ്ദം. കതകു തുറക്കാന്‍ പറ്റിക്കാണില്ല... അതാണ് വിളിക്കുന്നത്‌. വെട്ടുകത്തി കയ്യില്‍ എടുത്തു ധൈര്യം സംഭരിച്ചു കതകുതുറന്നു. കയ്യില്‍ നീട്ടിപിടിച്ച പാല്‍കുപ്പിയുമായി നില്‍ക്കുന്ന കുമാരന്‍ "" എന്റെ പൊന്ന് വിജയേട്ട ഇങ്ങനെ കിടന്നുറങ്ങരുതു മണി 7 ആയി ..... പാലുവേണ്ടേ ...? ദേ നിങ്ങടെ മതില് മുഴുവന്‍ പാര്‍ട്ടിക്കാരു ചുവരെഴുതി നശിപ്പിച്ചു ..... വഴിയിലെല്ലാം ടയര്‍ കരിചിട്ടിരിക്കുന്നു പോയി നോക്കെയെ "". അയാള്‍ ഒന്നും മിണ്ടാതെ കുമാരനെ തന്നെ നോക്കിനിന്നു .... പിന്നെ ചിരിച്ചു....

2014 ജൂൺ 3, ചൊവ്വാഴ്ച

യാത്ര...

                                  രാത്രി 11 മണി കഴിഞ്ഞിരിക്കുന്നു നാളെ ഏറണാകുളത്ത് ഇന്റര്‍വ്യൂവിനു പോകണം, ഒന്നുകൂടി സര്‍ട്ടിഫിക്കറ്റ്കള്‍ എടുത്തു നോക്കി ..... ഓ ....അത്യാവശ്യം വേണ്ട എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എടുത്തില്ല ..... ഓഫീസിലാണ്. പോയി എടുക്കാം, നാളത്തേക്ക് മാറ്റിവച്ചാല്‍ ഏറണാകുളത്തെത്താന്‍ വൈകും. വാച്ചില്‍ നോക്കി 11.35 കഴിഞ്ഞു. ബൈക്കിന്‍റെ തക്കൊലെടുത്തു , അമ്മയെ ഉണര്‍ത്തി കാര്യം പറഞ്ഞ് ബൈക്കുമായി ഇറങ്ങി. കുറച്ചുകൂടി നേരത്തെ നോക്കിയിരുന്നെങ്കില്‍... ഈ രാത്രി പോകേണ്ടി വരില്ലായിരുന്നു ...... വണ്ടിയിലിരുന്നു ഓര്‍ത്തു.
                                    ഓഫില്‍നിന്നും സര്‍ട്ടിഫിക്കറ്റുമായി മടങ്ങുമ്പോള്‍ 12 മണി കഴിഞ്ഞിരുന്നു. വിജനമായിരുന്നു ബൈപാസ് റോഡ്‌ .... എങ്കിലും പതുക്കെയാണ് ബൈക്ക് ഓടിച്ചത്. ബൈക്ക് കുറച്ചു കൂടി മുന്നോട്ടു ചെന്നപ്പോള്‍ വഴിവിളക്കിന്‍റെ അരണ്ടവെളിച്ചത്തില്‍ കുറച്ചു മുന്നില്‍ ഒരാള്‍ നടന്നു പോകുന്നു. നല്ല ഉയരമുള്ള ഇരുണ്ട ഒരു രൂപം. അടുത്ത് വരുമ്പോള്‍ നോക്കാം പരിചയമുള്ള ആളാണെങ്കില്‍ ലിഫ്റ്റ്‌ കൊടുക്കാം ....... മനസ്സില്‍ കരുതി വണ്ടി മുന്നോട്ടോടിച്ചു. പെട്ടെന്നാണ് വലതുവശത്തെ ഫുട്പാത്തിലൂടെ ഒരു സ്ത്രീ അക്ടീവ ഓടിച്ചു വരുന്നത് കണ്ടത്. ഫുട്പാത്തിലൂടെ താഴേക്ക്‌ ഇറങ്ങാന്‍ സാധിക്കില്ല ... ഈ രാത്രി ഇത്ര വൈകി അവര്‍ ഫുട്പാത്തിലൂടെ എങ്ങോട്ടാണ് പോകുന്നത് ... അവരെ നോക്കികൊണ്ട്‌ മുന്നോട്ടു വണ്ടി ഓടിച്ചു. അവര്‍ വണ്ടി ഓടിച്ചു എതിര്‍ദിശയിലേക്ക് പോയി ഇരുളില്‍ മറഞ്ഞു. അപ്പോഴാണ് നടന്നുവരുന്ന ആളിനെക്കുറിച്ച് ഓര്‍ത്തത്‌. ബൈപാസ് തിരിഞ്ഞ്‌ ഇടറോഡിലേക്ക് ഇറങ്ങി . ഇവിടെ നില്‍ക്കാം അയാള്‍ വരട്ടെ. കുറച്ചുകൂടെ മുന്നിലേക്ക്‌ ബൈക്ക് ഒതുക്കി വച്ചു. ഇപ്പോള്‍ ആളെകാണാവുന്ന ദൂരത്തെത്തി അയാള്‍ ........ അല്ല അത്....എന്താണ്..... ഒരാളെക്കാള്‍ ഉയരമുള്ള കമ്പിളിമൂടിയ....കറുത്ത പുകപോലെ  രൂപം. കറുത്ത പുകയുടെ നേര്‍ത്ത ഭാഗത്തുകൂടെ അപ്പുറം കാണാം..... ഒന്നും ചെയ്യാനാകാതെ പകച്ചു നിന്നു. ആ രൂപം ഇടറോഡിനു എതിര്‍വശത്തെയ്ക്കു തിരിഞ്ഞുപോയി. കുറച്ചുനേരം അവിടെ തന്നെ നിന്നു. ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു വീട്ടിലേക്കു .......
                                                                     ഇന്നും ഈ കാര്യങ്ങള്‍ പലരോടും പറയുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് ...... എന്തായിരുന്നു ആ രൂപം ....ആരായിരുന്നു അര്‍ദ്ധരാത്രിയില്‍ ആക്ടിവ ഫുട്പാത്തിലൂടെ ഓടിച്ചുപോയ ആ സ്ത്രീ ..............
      

ഞാൻ

................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...