2019 ജൂൺ 22, ശനിയാഴ്‌ച

ഞാൻ

................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ....... ചിന്തിക്കുമ്പോൾ, നല്ല ഒരു മകൻ ആയിരുന്നില്ല ... മറ്റാർക്കൊക്കെയോ വേണ്ടി അച്ഛനെയും അമ്മയായും മാറ്റി നിർത്തി, അത് മനസിലാക്കാൻ ജീവിതം  തന്നെ പാഠം ആയി... കൂടെയുണ്ടെന്ന് കരുതിയവർ ഇല്ലാതെ  നിന്നപ്പോ മനസിലാക്കുന്നു . എന്താണ് അച്ഛനും അമ്മയും എന്ന്, അവർക്കു പകരം വയ്ക്കാൻ ആരുമില്ലായെന്നു. 
                                            അവൾ ഇപ്പോഴും ചോദിക്കുന്നത് പോലെ ...."നിങ്ങൾ ഒരു നല്ല ഭർത്താവാണോ ". പലപ്പോഴും എന്നെയും ചിന്തിപ്പിച്ചിട്ടുള്ളതാണ്. ഞാൻ ഒരു നല്ല മകനെ ആയിരുന്നില്ല...... പിന്നെ എനിക്ക് നല്ല ഒരു സഹോദരനോ ഭര്ത്താവോ അകാൻ എങ്ങനെ കഴിയും. വൈകിപ്പോയോ എന്നറിയില്ല, എന്നാലും തിരിച്ചു നടക്കണം, മകനായി... സഹോദരനായി..... ഭർത്താവായി.... അച്ഛനായി...... ഇപ്പോഴും ചെയ്യാറുള്ളത് പോലെ അവൻ ഇതും ഈശ്വരന് സമർപ്പിച്ചു. സഫലമാകാൻ........ 

2018 ജൂലൈ 29, ഞായറാഴ്‌ച

മാലാഖ


" ചിറകുകൾ നഷ്ടപെട്ട മാലാഖ മക്കളെ നഷ്ടപ്പെട്ടു കരഞ്ഞുകൊണ്ടിരുന്നു ആ അമ്മയുടെ മടിയിലേക്കു വീണു "
കുട്ടിക്കാലത്തു മലയാളം പാഠപുസ്തകത്തിൽ പഠിച്ചതാണ് . " മാലാഖകൾ കരയുവാൻ പാടില്ല കരഞ്ഞാൽ ചിറകുകൾ നഷ്ടമാകും", ......... -
"മിസ്റ്റർ നിങ്ങൾ മാറിയിരിക്ക് ഇത് സ്ത്രീകളുടെ സ്ഥലമാണ് "  ഞെട്ടി കണ്ണുതുറന്നപ്പോൾ മുന്നിൽ ഒരു നേഴ്സ് ആ ഹാളിന്റെ മറുവശത്തേക്കു ചൂണ്ടി നിൽക്കുന്നു,
 " അവിടെയാണ് പുരുഷൻമാർ " ..... ഒരു സോറി പറഞ്ഞു അയാൾ പുരുഷൻ മാരുടെ  വെയ്റ്റിംഗ് ഏരിയയിലേക്ക് നടന്നു. അവർ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അയാളുടെ ചിന്ത തന്റെ സ്വപ്നങ്ങളിലായിരുന്നു ... താൻ ഉറങ്ങുകയായിരുന്നു ...സ്വപ്നം പാതിവച്ചു മുറിഞ്ഞു .... കസേരയിലേക്ക് ചാരിയിരുന്നു ... എന്തോ ഒരു അസ്വസ്ഥത ... കണ്ണുകൾ അടച്ചു താൻ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിന്റെ തുടർച്ച കാണാൻ ..
      ആ അമ്മയുടെ മടിയിലേക്കു ചിറകറ്റുവീണ മാലാഖ ആ അമ്മയെ നോക്കുന്നുണ്ടോ എന്നറിയാൻ കുഞ്ഞികൈകൾ കൊണ്ട് തലോടുന്നുണ്ടോ എന്നറിയാൻ .... അതോ തന്നിലേക്ക് വീണ മാലാഖയെപ്പോലെ ഇമവെട്ടാതെ കൈകാലിട്ടടിക്കാതെ തന്റെ കൈയിൽനിന്നും ഭൂമിയുടെ മാറിലേക്ക് മറഞ്ഞുപോയിട്ടുണ്ടാകുമോ ........
സ്വപ്നത്തിലേക്ക് എത്താൻ  ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അയാളുടെ കണ്ണീർതുള്ളികൾ അത് തടസപ്പെടുത്തികൊണ്ടേയിരുന്നു. 

2015 മാർച്ച് 19, വ്യാഴാഴ്‌ച

സ്വന്തം......



             കാറിന്‍റെ പിന്‍ സീറ്റിലേക്ക് അയാള്‍ ചാരിയിരുന്നു വണ്ടി മുന്നോട്ടു നീങ്ങി. മയങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്, അയാള്‍ ഫോണ്‍ എടുത്തു  ഓഫീസില്‍ നിന്നാണ്. “ സോറി സര്‍.... ബാഗ്ഗേജ്സ് ഡിക്കിയില്‍ വച്ചിട്ടുണ്ട്, സര്‍ പറഞ്ഞ മെയില്‍ സെന്‍റ് ചെയ്തിട്ടുണ്ട്, സോറി ഫോര്‍ ഡിസ്ടര്‍ബിംഗ് യു ....സര്‍, സിസ്റ്റര്‍ക്ക് എന്‍റെ വിവാഹ ആശംസകള്‍ പറയണം .... “ “ തീര്‍ച്ചയായും മരിയ “ അയാള്‍ ചിരിച്ചു...  ഫോണ്‍ കട്ട്‌ ചയ്തു. വീണ്ടും സീറ്റിലേക്ക് ചാരിയിരുന്നു. തന്‍റെ തിരക്കുകള്‍ മാറ്റിവച്ച് അയാള്‍ പോകുകയാണ് സഹോദരിയുടെ വിവാഹത്തിന്..... പന്ത്രണ്ട് വര്‍ഷങ്ങള്‍ക് ശേഷമാണ് താന്‍ നാട്ടിലേക്കു പോകുന്നത്. ഇത്രയും നാള്‍ അവളുടെ കത്തുകളിലൂടെ മാത്രമാണ് തന്‍റെ നാടിനെക്കുറിച്ചുള്ള അയാള്‍ അറിഞ്ഞിരുന്നത്. അവള്‍..... തന്‍റെ സഹോദരി... ജീവിതത്തില്‍ ദൈവം നമ്മളെ എന്തൊക്കെ വേഷം കെട്ടിക്കുന്നു... അവിചാരിതമായി പലതും പിടിച്ചെടുക്കുന്നു പലതും തരുന്നു. എല്ലാം മാറിയിട്ടുണ്ടാകും തന്‍റെ നാടും... സ്കൂളും .... എല്ലാം. അയാള്‍ കണ്ണുകള്‍ അടച്ചു.......
         സ്കൂളില്‍ അസ്സെംബ്ലിയാണ് കുട്ടികളെല്ലാം വരിവരിയായി നില്‍ക്കുന്നു. ഈശ്വരപ്രാര്‍ഥന നടക്കുകയാണ്. ഒരാളൊഴികെ മറ്റുള്ളവരെല്ലാം കൈകള്‍ കൂപ്പി നില്‍ക്കുന്നു. അനന്ദു ........ ആനന്ദകൃഷ്ണന്‍ അവന്‍ അങ്ങിനെയാണ്. തന്‍റെതായ ചില കാരണങ്ങള്‍ ഉണ്ടതിന്. താന്‍ കാണുംമുന്‍പ് തിരിച്ചു വിളിച്ച ദൈവത്തിനെ ഞാന്‍ എന്തിനു തൊഴുവണം, അല്ലെങ്കില്‍ തന്നെ ദൈവത്തിനെ എന്തിനാണ് കൈകൂപ്പി വണങ്ങുന്നത്. സ്കൂളിലെ പോലെ ദൈവത്തിനെ പ്രാര്‍ത്ഥിക്കാനും നിയമങ്ങള്‍ ഉണ്ടോ? അതാണവന്‍..... അവന്‍റെ ചിന്തകള്‍ അങ്ങനെയാണ്. അവന്‍ അധികം ആരോടും കൂട്ടുകൂടാറില്ല.... അല്ല അവനോടരും കൂടാറില്ല. ചെകുത്താന്‍ കൂടിയതാണവനില്‍ തൂപ്പുകാരി കദീജ പറയും. അധ്യാപകരോടും ഇങ്ങനെയാണ് എന്തും എടുത്തടിച്ചു ചോദിക്കുന്നവന്‍, നിഷേധി.
         ആകെ അവനു ചങ്ങാതി എന്ന് പറയാന്‍ ഒരാളെയുള്ളു ബാലു മാഷ്. ലോകത്തിലെ ഏറ്റവും രുചിയുള്ള ആഹാരം ഏതാണെന്ന തന്‍റെ ചോദ്യത്തിന് വളരെ വ്യത്യസ്തമായ മറുപടി പറഞ്ഞ അ എട്ടാംക്ലാസുകാരനോട് തോന്നിയ വാത്സല്യം അതാണവനെ ബാലു മാഷുമായി അടുപിച്ചത്. എല്ലാവരും മധുരപലഹാരങ്ങളും മിട്ടായിയും മറ്റും എന്ന് മറുപടി പറഞ്ഞപ്പോ “ അമ്മ വാരിതരുന്ന ഉരുള ചോറ് “ എന്നായിരുന്നു അവന്‍റെ മറുപടി. അത് സത്യമാണ്. അമ്മയാണ് അവനെല്ലാം. വൈകുന്നേരം സ്കൂള്‍ വിടുമ്പോള്‍ പട്ടണത്തിലെ സ്വകാര്യ ബാങ്കില്‍ ജോലികഴിഞ്ഞു കൈനെറ്റിക് ഹോണ്ടയില്‍  അമ്മ കാത്തു നില്പുണ്ടാകും, പിന്നെ ഒരുമിച്ചാണ് വീട്ടിലേക്കു. അവനു അമ്മയോട് ഒരു പരിഭവമേയുള്ളൂ, അമ്മ കരയുന്നത്.  
                അന്ന് അധ്യയനവര്‍ഷം തുടങ്ങുന്ന ദിവസമായിരുന്നു. അന്ന് തന്‍റെ കയ്യില്‍ പിടിച്ചു കരഞ്ഞ ഒരു മാളുക്കുട്ടിയെ കുറിച്ചായിരുന്നു അവനു അമ്മയോട് പറയാനുണ്ടായിരുന്നത്. പിന്നീട് അവളെ ഒളിച്ചു നടപ്പായിരുന്നു. അവനെ കാണുമ്പോള്‍ അവള്‍ ഓടിവരും “ എനിച്ചു പഠിക്കാന്‍ വയ്യ എന്നെ വീട്ടി കൊണ്ടാക്കു ചേട്ടായി “ അവള്‍ അവനോടു പറയും. വല്ലപ്പോഴും ഒളിച്ചു ക്ലാസില്‍ ചെന്ന് അവളെ കാണുമായിരുന്നു. പിന്നെ പിന്നെ അവളെ കാണാതെയായി. അവള്‍ ക്ലാസില്‍ വരുന്നില്ല.
              അന്ന് അവന്‍ സ്കൂളില്‍ എത്താന്‍ വൈകി, അവനു പനിയാണ്. അസ്സെംബ്ലി തുടങ്ങി കഴിഞ്ഞിരുന്നു. അവന്‍ അതിലേക്കു കയറിനിന്നു. എന്തോ പ്രത്യേകതയുണ്ട് അധ്യാപകരോക്കെ വല്ലാത്ത വിഷമത്തോടെയാണ്. ബാലു മാഷാണ് വായിച്ചതു. “ കുട്ടികളെ, നിങ്ങളുടെ സഹപാഠിയും ഒന്നാം ക്ലാസിലെ വിധ്യര്‍തിയുമായ മാളു കെ.എസ്. ഹൃദയസംബന്ധമായ രോഗവുമായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ആ കുട്ടിയുടെ ഹൃദയം  മാറ്റിവക്കല്‍ ശാസ്ത്രക്രീയയ്ക്കായി പണം ആവശ്യമാണ് അതിനാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കണം.” പിന്നീട് പറഞ്ഞതൊന്നും അവന്‍ കേട്ടില്ല. ആരോ പറഞ്ഞു മാളുവിനെ നാളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും. അവള്‍ക്കു ചേരുന്ന ഹൃദയം  അന്യേഷിക്കുകയാനിപ്പോള്‍.
ഹോസ്പിറ്റലില്‍ പോകുന്നതിനു മുന്‍പ് അവളെ കാണണം. അമ്മയ്ക്ക് കാണിച്ചു കൊടുക്കണം. അമ്മ വന്നപ്പോള്‍ ആദ്യം അതാണ് പറഞ്ഞത്, അടുത്ത ദിവസം വൈകുന്നേരം പോകാം അമ്മ സമ്മതിച്ചു. “ അമ്മ വരുമ്പോള്‍ അവള്‍ക്കു കുറച്ചു ഓറഞ്ച് വാങ്ങികൊണ്ട് വരണം “  അമ്മ അതിനു സമ്മതം പറഞ്ഞു. ബാലു മാഷിനോട് പറഞ്ഞു. സ്കൂള്‍ വിട്ടു കുട്ടികളെല്ലാം പോയി ഇതുവരെ അമ്മ വന്നില്ല. അവനു പേടിയായി സ്കൂള്‍ ഗേറ്റിന്‍റെ മുന്നില്‍ അവന്‍ നിന്ന്. നേരം സന്ദ്യയായി, അവന്‍ കരയും എന്ന അവസ്ഥയായി. അമ്മ എന്താ വരാത്തത്... അവന്‍ മനസ്സില്‍ ഓര്‍ത്തു.
               ഒരു വെട്ടം അതൊരു സ്കൂട്ടര്‍ ആണ് .. അമ്മ വരുന്നു... വരട്ടെ.... അവന്‍ ബാഗ്‌ എടുത്തു. വണ്ടി അടുത്ത് വന്നു , അമ്മയല്ല ... ബാലു മാഷ്. “ അമ്മ വന്നില്ല സര്‍ ..... “ “ ആ ... അനന്ത് കയറു “ മാഷിന്‍റെ മുഖം വല്ലാതെയിരിക്കുന്നു. അവന്‍ ഒന്നും മിണ്ടാതെ വണ്ടിയില്‍ കയറി. ഹോസ്പിറ്റലിന്‍റെ മുറ്റത്താണ് വണ്ടി നിര്‍ത്തിയത്. “ അനന്തു .. അമ്മയ്ക്കൊരു ആക്സിഡന്‍റെ അകത്തു.........” അവന്‍ ഹോസ്പിറ്റലിനകതെക്കു ഓടി... കരഞ്ഞു കലങ്ങിയ കണ്ണുമായി ശങ്കരന്‍ മാമ. കയ്യില്‍ അമ്മയുടെ ബാഗ്‌ . ഒരു വെള്ള കവരും അതില്‍ ഓറഞ്ച്. കവറിലും ബാഗിലും ചോര. “ശങ്കരമ്മാമ  അമ്മ ...... അവനു കരച്ചില്‍ വന്നു. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി. അയാള്‍ അവനെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ അകത്തേക്കുനടന്നു കൂടെ ബാലുമാഷും. വെള്ളത്തുണിയിട്ട് മൂടിയ അവന്‍റെ അമ്മയുടെ മുഖം വെളുത്ത തുണി മാറ്റി ആരോ കാണിച്ചുകൊടുത്തു. ഒന്നേ അവന്‍ നോക്കിയുള്ളൂ മുഖത്തൊക്കെ തുന്നിക്കെട്ടുകള്‍...... ചുറ്റും ഇരുട്ടാകുന്നതുപോലെ തോന്നി. കണ്ണ് തുറന്നു നോക്കുമ്പോള്‍ അവന്‍റെ അടുത്ത് ബാലുമാഷുണ്ട്. ബാലുമാഷിനെ കെട്ടിപിടിച്ചു ഒരുപാടു കരഞ്ഞു...... അമ്മയെ പോസ്റ്റ്മോര്‌ട്ടം നടത്തുവാന്‍ കൊടുത്തിരിക്കുന്നു. അവന്‍ എഴുന്നേറ്റു മോര്‍ച്ചറിയുടെ തിണ്ണയില്‍ പോയിരുന്നു. ബാലുമാഷ് അവനെ നോക്കി ഒരുപാടുനേരം നിന്നു. പിന്നെ കൂടിനിന്നവരുടെ ഇടയിലേക്കുപോയി.   
ഷര്‍ട്ടില്‍ ആരോ പിടിച്ചു വലിക്കുന്നതുപോലെ ബാലുമാഷ് തിരിഞ്ഞുനോക്കി അവനാണ് അനന്തു...  എന്താടാ മാഷ് അവന്‍റെ അടുത്തേക്കിരുന്നു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു... “മാഷേ... എന്‍റെ അമ്മേടെ ഹൃദയം മാളുവിനു വെക്കാന്‍ പറ്റുമോ..?” കൂടി നിന്നവരൊക്കെ അവനെ തന്നെ നോക്കി. എല്ലാവരുടെയും മുഖത്ത് വല്ലാത്ത ഒരു ഭാവമായി. ശങ്കരന്മാമ സമ്മതിച്ചതോടെ എല്ലാം പെട്ടന്ന് തന്നെ നടന്നു. അമ്മയുടെ മരണത്തിന്‍റെ ചടങ്ങുകള്‍ കഴിഞ്ഞു അവന്‍ അമ്മാവനോടൊപ്പം പോയി. പിന്നെ മാളുവിനെ കാണുന്നത് അവനെ  അനുമോദിക്കാന്‍ ചേര്‍ന്ന ചടങ്ങിലാണ്.
                    വണ്ടി ബ്രേക്കിട്ട് അയാള്‍ ഉണര്‍ന്നു. വണ്ടി കല്യാണ വീടിന്‍റെ മുന്നില്‍ നില്‍ക്കുന്നു. “ സര്‍ എത്തി.... “ ഡ്രൈവര്‍ തിരിഞ്ഞുനോക്കി. അയാള്‍ കാറില്‍നിന്നും ഇറങ്ങി ഓര്‍മ്മകള്‍ ഉറങ്ങുന്ന തന്‍റെ ഗ്രാമം, തന്‍റെ സഹോദരി അല്ല തന്‍റെ അമ്മയുടെ ഹൃദയം. ആ സ്നേഹമാവാം അവളിലൂടെ തനിക്കു കിട്ടുന്നത്. “ അനന്തെട്ടാ ..” അവള്‍ ഓടിവന്നു അവനെ കെട്ടിപിടിച്ചു ... അപരിചിതത്വം ഇല്ലാതെ. ആ ഹൃദയത്തിനു അവന്‍ എന്നും സ്വന്തമായിരുന്നു.

2014 നവംബർ 18, ചൊവ്വാഴ്ച

അവകാശി

                                                                 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് അയാള്‍ ബാലിയാടായത് . വെട്ടി കൊലപ്പെടുത്തുകയായിരുന്നു .... . രാഷ്ട്രീയ കൊലപാതകം , ഇരുപതു  ദിവസം കഴിഞ്ഞിരിക്കുന്നു, മാധ്യമങ്ങള്‍ അത് കൊണ്ടാടിക്കഴിഞ്ഞു  . ഒരാഴ്ചത്തേക്ക് ഇതായിരുന്നു  മുഖ്യവാര്‍ത്ത‍. അയാളുടെ വീട്ടില്‍ ആളുകള്‍ ഒഴിഞ്ഞിരിക്കുന്നു. വീട്ടില്‍ എത്തുന്ന പത്രങ്ങളില്‍ നിന്നും കൊലപാതകത്തിന്‍റെ വാര്‍ത്തകള്‍ ആരോ വെട്ടി മാറ്റുന്നു..... അലമാരക്കുള്ളില്‍ വച്ച പുസ്തകത്തില്‍ അയാളുടെ പന്ത്രണ്ടുകാരന്‍ മകന്‍ പത്രതുണ്ടുകള്‍ ഭദ്രമായി വച്ചിരിക്കുന്നു, അവന്‍റെ  ജീവിതം കരുപിടിപ്പിക്കാനുള്ള നല്ല  ആയുധമായിമാറ്റാന്‍.

2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച

അമ്മ

                                              മകളുടെ വിവാഹത്തിന്റെ അന്നും അവര്‍ ഒരുരുള ചോറു മാറ്റിവയ്ച്ചു, അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വര്‍ഷങ്ങളായുള്ള ശീലമാണത് . എന്തിനാണെന്ന ചോദ്യത്തിന് അവര്‍ ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല.  ആ ചോദ്യത്തിനും കണ്ണുകള്‍ നിറയ്ക്കും. അതുകൊണ്ടു തന്നെ പിന്നീട് ആരും അത്  ചോദിക്കാതെയായി. മകള്‍ക്ക് കൊടുക്കുന്നതില്‍ നിന്നുപോലും അവര്‍ ഒരു പങ്ക് മാറ്റിവയ്ക്കും.                                               
                                               ഇന്നും അയാള്‍ അവളെ നോക്കി ചിരിച്ചു "കോപ്രായങ്ങള്‍" അയാള്‍ അവളോട്‌ പറഞ്ഞു. പലപ്പോഴും അത് കേള്‍ക്കുമ്പോള്‍ അവള്‍ക്കു പറയണമെന്നുണ്ട്, 'ഉദ്യോഗത്തിന്റെ കാര്യം പറഞ്ഞും സാമ്പത്തിക ഭദ്രതയുടെ കാര്യം പറഞ്ഞും  നമ്മള്‍ നശിപ്പിച്ച നമ്മുടെ ആദ്യത്തെ കുഞ്ഞിനു വേണ്ടിയാണ് തനിന്നും ഒരു പങ്ക് മാറ്റിവയ്ക്കുന്നതെന്ന് '.  അയാള്‍ അത് മറന്നിരിക്കുന്നു, അവള്‍ ഇന്നും ഒരു തേങ്ങലായി അതുള്ളില്‍ സൂക്ഷിക്കുന്നു. കാരണം അവള്‍ അമ്മയാണ് ...........

2014 ജൂൺ 12, വ്യാഴാഴ്‌ച

മകള്‍

                              അവള്‍ ദേഷ്യത്തിലാണ് മകളുടെ പുസ്തകങ്ങളും തുണിയും വാരികൂട്ടിയിട്ടിരിക്കുന്നു."തീയിട്ടു നശിപ്പിക്കും ഞാനിതൊക്കെ .......... ഒന്നും ബാക്കി വാക്കില്ല". അവള്‍ പിറുപിറുത്തു. ഇതെല്ലാം കണ്ടുകൊണ്ട് അയാള്‍ കസേരയില്‍ അനങ്ങാതെ ഇരിക്കുകയാണ് ഒന്നും മിണ്ടാതെ ..... . "അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരുവന്‍റെ കൂടെ ഇറങ്ങിപോയിക്കുന്നു. എങ്ങനെ വളര്‍ത്തിയതാനവളെ". അവര്‍ പിറുപിറുത്തുകൊണ്ടേയിരുന്നു. "മണ്ണെണ്ണ ഒഴിച്ചുകത്തിക്കണം ...... " അവളുടേതായ ഒന്നും ഇവിടെ ഇനിവേണ്ട ...........ഇനിയുമുണ്ട് ........ അവളുടെ ജാതകം എഴുതിയത് .........,,, അവളെ പ്രസവിച്ചപ്പോളുള്ള ഹോസ്പിറ്റല്‍ രേഖകള്‍ ........ എല്ലാം പഴയ പെട്ടിയിലാണ്. അവര്‍ ആ പെട്ടി വലിച്ചെടുത്ത് തുറന്ന് അതിലുള്ളതെല്ലാം വലിച്ചു പുറത്തിട്ടു. ഓരോന്ന് മറിച്ചു മറിച്ചു നോക്കുന്നതിനിടയില്‍ അവരുടെ  കയ്യില്‍നിന്നും എന്തോ ഊര്‍ന്നു താഴെവീണു. അവര്‍ കുനിഞ്ഞ്‌ അതെടുത്തു പഴയ ഒരു ഫോട്ടോ ,..... മിക്കവാറും ദ്രവിച്ചുതുടങ്ങിയിരുന്നു. അവര്‍ ആ ഫോട്ടോയില്‍തന്നെ നോക്കിനിന്നു. ദേഷിച്ചു ചുവന്നിരുന്ന അവളുടെ കണ്ണുകള്‍ ആര്‍ദ്രമായി ...... അതു നിറഞ്ഞു . ഒരു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒഴുകി താഴെക്കുവീണു. മനസ്സില്‍ നിന്നും  അറിയാതെ ആ വാക്കുകള്‍........ അമ്മ ...., ഇപ്പോള്‍ അവള്‍ അറിയുന്നു, ഇരുപത്തിഅഞ്ചു വര്‍ഷം മുന്‍പ് തന്‍റെ അമ്മയുടെ മനസ്സെന്തായിരുന്നു എന്ന്. അന്ന് താന്‍ പറഞ്ഞ  ജനറേഷന്‍ ഗ്യാപ് ഇല്ലാതെ ...........

ആശംസ

                                        "തന്‍റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിക്ക് നല്ല വിവാഹാലോചനകള്‍ ക്ഷണിക്കുന്നു."
കൂടെ യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പരും......., ശരിയാണ് കാരണങ്ങള്‍ അവളുടെതയിരുന്നില്ല, തന്‍റെതു മാത്രം.........., അയാള്‍ പത്രം ടീപോയിലെക്കിട്ടു. പത്രം പഴകിയിരിക്കുന്നു. അടുത്ത ആഴ്ച്ച അവളുടെ വിവാഹമാണ്. ആശംസകള്‍ അറിയിക്കണം. പത്രത്തില്‍ ആശംസകള്‍ കൊടുക്കാം.അതാണ് നല്ലത്.ഒരു പൂച്ചെണ്ടിന്‍റെ ചിത്രം കൊടുക്കണം താഴെ ആശംസകളും.... അയാള്‍ ചിരിച്ചു.
                                  ഇന്നാണ് അവളുടെ വിവാഹം. വാക്കുപാലിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പക്ഷെ പത്രത്തില്‍ പൂച്ചെണ്ടിന്‍റെ ചിത്രം  ഉണ്ടായിരുന്നു. ആ പൂച്ചെണ്ടിന്‍റെ പിന്നില്‍ അയാളുടെ ഫോട്ടോയും ........

2014 ജൂൺ 10, ചൊവ്വാഴ്ച

ആരാധന

                                          ക്ഷേത്രത്തില്‍ നല്ല തിരക്കാണ് അഭിഷേകവും നിവേദ്യവും .... അന്നദാനത്തിനായി കൂപ്പണ്‍ കൊടുക്കുന്നതിന്‍റെ തിരക്ക്, അന്നദാനത്തിന്‍റെ ക്യുവില്‍ തിരക്ക്, കാണിക്ക എണ്ണുന്നതിന്‍റെ വിഹിതം വയ്ക്കുന്നതിന്‍റെയും തിരക്ക്. വിഗ്രഹതിനുമുമ്പില്‍ പാലും നെയ്യും പഞ്ചാമൃതവും നിരത്തിവച്ചു പൂജിക്കുന്നതിന്‍റെ തിരക്ക്. ജനങ്ങള്‍ വന്നും പോയിയും നില്‍ക്കുന്നു.
                                           ഈ തിരക്കിലൊന്നും പെടാതെ രണ്ടുപേര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. തന്‍റെ ഭിക്ഷാപത്രത്തിലേക്ക് നാണയത്തുട്ടുകള്‍ വീഴുന്നത് പ്രതീക്ഷിച്ചിരിക്കുന്ന ഭിക്ഷക്കാരനും, ആ നാണയത്തുട്ടുകള്‍ കൊണ്ട് അയാള്‍ വാങ്ങുന്ന ആഹാരത്തില്‍ നിന്നു ഭക്തിയോടെ മാറ്റിവക്കുന്ന ഒരു പങ്കു പ്രതീക്ഷിച്ച് ഈശ്വരനും ............

കൂട്ട്

                                                                 പത്തുവര്‍ഷത്തെ സേവനം പൂര്‍ത്തിയായി. "നാശംപിടിച്ച പട്ടി" ആരോ കല്ലെറിഞ്ഞാണ് ഓടിച്ചത്. അവന്‍ ആ മതില്‍ക്കെട്ടിനു പുറത്ത് ചുറ്റിപ്പറ്റി നിന്നു. പറമ്പില്‍ നിന്ന് കറുത്ത പുക ഉയരുന്നു. ഇനി കൈസര്‍......... എന്ന വിളികേള്‍ക്കില്ല . സമ്പന്നന്‍റെ മരണം എല്ലാവര്ക്കും ആഘോഷമായിരുന്നു. രണ്ടു ജീവികള്‍ മാത്രമുണ്ടായിരുന്ന ആ വീടിന് ഇന്ന് അവകാശികള്‍ ഏറയാണ്. അവന്‍ ആ റോഡിന്‍റെ ഒരം ചേര്‍ന്ന് നടന്നു. തന്നെ നോക്കി കണ്ണുകളടച്ച ആ യജമാനന്‍റെ കണ്ണില്‍നിന്നുവീണ കണ്ണുനീരിന്‍റെ ഉപ്പ് അവന്‍റെ നാവില്‍ അപ്പോഴും ഉണ്ടായിരുന്നു.

2014 ജൂൺ 5, വ്യാഴാഴ്‌ച

പുനരാവിഷ്കരണം

                                                   വെളുത്ത് നനുത്ത് ഭാരമില്ലാത്തഒരവസ്ഥ. മനസിനുവല്ലാത്ത വിങ്ങല്‍, എന്തൊക്കെയോ മനസ്സിലൂടെ കടന്നുപോയി.....! ഇടവഴിയിലെല്ലാം ആള്‍ക്കൂട്ടം , അതിനിടയിലൂടെ മുന്നോട്ടു നടന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്തുപറ്റി ..... അറിയില്ല. വല്ലാത്ത വീര്‍പ്പുമുട്ടല്‍ ...... അയാള്‍ മുന്നോട്ടു നടന്നു. .....
                                                   അപ്പോഴും ആരുടെയോ വരവും പ്രതീക്ഷിച്ച് വെളുത്ത തുണിയില്‍ പൊതിഞ്ഞ അയാളുടെ ശരീരം ഉമ്മറത്ത്‌ കിടപ്പുണ്ടായിരുന്നു.......!!!

ഞാൻ

................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...