2015 മാർച്ച് 19, വ്യാഴാഴ്‌ച

സ്വന്തം......



             കാറിന്‍റെ പിന്‍ സീറ്റിലേക്ക് അയാള്‍ ചാരിയിരുന്നു വണ്ടി മുന്നോട്ടു നീങ്ങി. മയങ്ങാന്‍ തുടങ്ങിയപ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്, അയാള്‍ ഫോണ്‍ എടുത്തു  ഓഫീസില്‍ നിന്നാണ്. “ സോറി സര്‍.... ബാഗ്ഗേജ്സ് ഡിക്കിയില്‍ വച്ചിട്ടുണ്ട്, സര്‍ പറഞ്ഞ മെയില്‍ സെന്‍റ് ചെയ്തിട്ടുണ്ട്, സോറി ഫോര്‍ ഡിസ്ടര്‍ബിംഗ് യു ....സര്‍, സിസ്റ്റര്‍ക്ക് എന്‍റെ വിവാഹ ആശംസകള്‍ പറയണം .... “ “ തീര്‍ച്ചയായും മരിയ “ അയാള്‍ ചിരിച്ചു...  ഫോണ്‍ കട്ട്‌ ചയ്തു. വീണ്ടും സീറ്റിലേക്ക് ചാരിയിരുന്നു. തന്‍റെ തിരക്കുകള്‍ മാറ്റിവച്ച് അയാള്‍ പോകുകയാണ് സഹോദരിയുടെ വിവാഹത്തിന്..... പന്ത്രണ്ട് വര്‍ഷങ്ങള്‍ക് ശേഷമാണ് താന്‍ നാട്ടിലേക്കു പോകുന്നത്. ഇത്രയും നാള്‍ അവളുടെ കത്തുകളിലൂടെ മാത്രമാണ് തന്‍റെ നാടിനെക്കുറിച്ചുള്ള അയാള്‍ അറിഞ്ഞിരുന്നത്. അവള്‍..... തന്‍റെ സഹോദരി... ജീവിതത്തില്‍ ദൈവം നമ്മളെ എന്തൊക്കെ വേഷം കെട്ടിക്കുന്നു... അവിചാരിതമായി പലതും പിടിച്ചെടുക്കുന്നു പലതും തരുന്നു. എല്ലാം മാറിയിട്ടുണ്ടാകും തന്‍റെ നാടും... സ്കൂളും .... എല്ലാം. അയാള്‍ കണ്ണുകള്‍ അടച്ചു.......
         സ്കൂളില്‍ അസ്സെംബ്ലിയാണ് കുട്ടികളെല്ലാം വരിവരിയായി നില്‍ക്കുന്നു. ഈശ്വരപ്രാര്‍ഥന നടക്കുകയാണ്. ഒരാളൊഴികെ മറ്റുള്ളവരെല്ലാം കൈകള്‍ കൂപ്പി നില്‍ക്കുന്നു. അനന്ദു ........ ആനന്ദകൃഷ്ണന്‍ അവന്‍ അങ്ങിനെയാണ്. തന്‍റെതായ ചില കാരണങ്ങള്‍ ഉണ്ടതിന്. താന്‍ കാണുംമുന്‍പ് തിരിച്ചു വിളിച്ച ദൈവത്തിനെ ഞാന്‍ എന്തിനു തൊഴുവണം, അല്ലെങ്കില്‍ തന്നെ ദൈവത്തിനെ എന്തിനാണ് കൈകൂപ്പി വണങ്ങുന്നത്. സ്കൂളിലെ പോലെ ദൈവത്തിനെ പ്രാര്‍ത്ഥിക്കാനും നിയമങ്ങള്‍ ഉണ്ടോ? അതാണവന്‍..... അവന്‍റെ ചിന്തകള്‍ അങ്ങനെയാണ്. അവന്‍ അധികം ആരോടും കൂട്ടുകൂടാറില്ല.... അല്ല അവനോടരും കൂടാറില്ല. ചെകുത്താന്‍ കൂടിയതാണവനില്‍ തൂപ്പുകാരി കദീജ പറയും. അധ്യാപകരോടും ഇങ്ങനെയാണ് എന്തും എടുത്തടിച്ചു ചോദിക്കുന്നവന്‍, നിഷേധി.
         ആകെ അവനു ചങ്ങാതി എന്ന് പറയാന്‍ ഒരാളെയുള്ളു ബാലു മാഷ്. ലോകത്തിലെ ഏറ്റവും രുചിയുള്ള ആഹാരം ഏതാണെന്ന തന്‍റെ ചോദ്യത്തിന് വളരെ വ്യത്യസ്തമായ മറുപടി പറഞ്ഞ അ എട്ടാംക്ലാസുകാരനോട് തോന്നിയ വാത്സല്യം അതാണവനെ ബാലു മാഷുമായി അടുപിച്ചത്. എല്ലാവരും മധുരപലഹാരങ്ങളും മിട്ടായിയും മറ്റും എന്ന് മറുപടി പറഞ്ഞപ്പോ “ അമ്മ വാരിതരുന്ന ഉരുള ചോറ് “ എന്നായിരുന്നു അവന്‍റെ മറുപടി. അത് സത്യമാണ്. അമ്മയാണ് അവനെല്ലാം. വൈകുന്നേരം സ്കൂള്‍ വിടുമ്പോള്‍ പട്ടണത്തിലെ സ്വകാര്യ ബാങ്കില്‍ ജോലികഴിഞ്ഞു കൈനെറ്റിക് ഹോണ്ടയില്‍  അമ്മ കാത്തു നില്പുണ്ടാകും, പിന്നെ ഒരുമിച്ചാണ് വീട്ടിലേക്കു. അവനു അമ്മയോട് ഒരു പരിഭവമേയുള്ളൂ, അമ്മ കരയുന്നത്.  
                അന്ന് അധ്യയനവര്‍ഷം തുടങ്ങുന്ന ദിവസമായിരുന്നു. അന്ന് തന്‍റെ കയ്യില്‍ പിടിച്ചു കരഞ്ഞ ഒരു മാളുക്കുട്ടിയെ കുറിച്ചായിരുന്നു അവനു അമ്മയോട് പറയാനുണ്ടായിരുന്നത്. പിന്നീട് അവളെ ഒളിച്ചു നടപ്പായിരുന്നു. അവനെ കാണുമ്പോള്‍ അവള്‍ ഓടിവരും “ എനിച്ചു പഠിക്കാന്‍ വയ്യ എന്നെ വീട്ടി കൊണ്ടാക്കു ചേട്ടായി “ അവള്‍ അവനോടു പറയും. വല്ലപ്പോഴും ഒളിച്ചു ക്ലാസില്‍ ചെന്ന് അവളെ കാണുമായിരുന്നു. പിന്നെ പിന്നെ അവളെ കാണാതെയായി. അവള്‍ ക്ലാസില്‍ വരുന്നില്ല.
              അന്ന് അവന്‍ സ്കൂളില്‍ എത്താന്‍ വൈകി, അവനു പനിയാണ്. അസ്സെംബ്ലി തുടങ്ങി കഴിഞ്ഞിരുന്നു. അവന്‍ അതിലേക്കു കയറിനിന്നു. എന്തോ പ്രത്യേകതയുണ്ട് അധ്യാപകരോക്കെ വല്ലാത്ത വിഷമത്തോടെയാണ്. ബാലു മാഷാണ് വായിച്ചതു. “ കുട്ടികളെ, നിങ്ങളുടെ സഹപാഠിയും ഒന്നാം ക്ലാസിലെ വിധ്യര്‍തിയുമായ മാളു കെ.എസ്. ഹൃദയസംബന്ധമായ രോഗവുമായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. ആ കുട്ടിയുടെ ഹൃദയം  മാറ്റിവക്കല്‍ ശാസ്ത്രക്രീയയ്ക്കായി പണം ആവശ്യമാണ് അതിനാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം നല്‍കണം.” പിന്നീട് പറഞ്ഞതൊന്നും അവന്‍ കേട്ടില്ല. ആരോ പറഞ്ഞു മാളുവിനെ നാളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും. അവള്‍ക്കു ചേരുന്ന ഹൃദയം  അന്യേഷിക്കുകയാനിപ്പോള്‍.
ഹോസ്പിറ്റലില്‍ പോകുന്നതിനു മുന്‍പ് അവളെ കാണണം. അമ്മയ്ക്ക് കാണിച്ചു കൊടുക്കണം. അമ്മ വന്നപ്പോള്‍ ആദ്യം അതാണ് പറഞ്ഞത്, അടുത്ത ദിവസം വൈകുന്നേരം പോകാം അമ്മ സമ്മതിച്ചു. “ അമ്മ വരുമ്പോള്‍ അവള്‍ക്കു കുറച്ചു ഓറഞ്ച് വാങ്ങികൊണ്ട് വരണം “  അമ്മ അതിനു സമ്മതം പറഞ്ഞു. ബാലു മാഷിനോട് പറഞ്ഞു. സ്കൂള്‍ വിട്ടു കുട്ടികളെല്ലാം പോയി ഇതുവരെ അമ്മ വന്നില്ല. അവനു പേടിയായി സ്കൂള്‍ ഗേറ്റിന്‍റെ മുന്നില്‍ അവന്‍ നിന്ന്. നേരം സന്ദ്യയായി, അവന്‍ കരയും എന്ന അവസ്ഥയായി. അമ്മ എന്താ വരാത്തത്... അവന്‍ മനസ്സില്‍ ഓര്‍ത്തു.
               ഒരു വെട്ടം അതൊരു സ്കൂട്ടര്‍ ആണ് .. അമ്മ വരുന്നു... വരട്ടെ.... അവന്‍ ബാഗ്‌ എടുത്തു. വണ്ടി അടുത്ത് വന്നു , അമ്മയല്ല ... ബാലു മാഷ്. “ അമ്മ വന്നില്ല സര്‍ ..... “ “ ആ ... അനന്ത് കയറു “ മാഷിന്‍റെ മുഖം വല്ലാതെയിരിക്കുന്നു. അവന്‍ ഒന്നും മിണ്ടാതെ വണ്ടിയില്‍ കയറി. ഹോസ്പിറ്റലിന്‍റെ മുറ്റത്താണ് വണ്ടി നിര്‍ത്തിയത്. “ അനന്തു .. അമ്മയ്ക്കൊരു ആക്സിഡന്‍റെ അകത്തു.........” അവന്‍ ഹോസ്പിറ്റലിനകതെക്കു ഓടി... കരഞ്ഞു കലങ്ങിയ കണ്ണുമായി ശങ്കരന്‍ മാമ. കയ്യില്‍ അമ്മയുടെ ബാഗ്‌ . ഒരു വെള്ള കവരും അതില്‍ ഓറഞ്ച്. കവറിലും ബാഗിലും ചോര. “ശങ്കരമ്മാമ  അമ്മ ...... അവനു കരച്ചില്‍ വന്നു. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി. അയാള്‍ അവനെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ അകത്തേക്കുനടന്നു കൂടെ ബാലുമാഷും. വെള്ളത്തുണിയിട്ട് മൂടിയ അവന്‍റെ അമ്മയുടെ മുഖം വെളുത്ത തുണി മാറ്റി ആരോ കാണിച്ചുകൊടുത്തു. ഒന്നേ അവന്‍ നോക്കിയുള്ളൂ മുഖത്തൊക്കെ തുന്നിക്കെട്ടുകള്‍...... ചുറ്റും ഇരുട്ടാകുന്നതുപോലെ തോന്നി. കണ്ണ് തുറന്നു നോക്കുമ്പോള്‍ അവന്‍റെ അടുത്ത് ബാലുമാഷുണ്ട്. ബാലുമാഷിനെ കെട്ടിപിടിച്ചു ഒരുപാടു കരഞ്ഞു...... അമ്മയെ പോസ്റ്റ്മോര്‌ട്ടം നടത്തുവാന്‍ കൊടുത്തിരിക്കുന്നു. അവന്‍ എഴുന്നേറ്റു മോര്‍ച്ചറിയുടെ തിണ്ണയില്‍ പോയിരുന്നു. ബാലുമാഷ് അവനെ നോക്കി ഒരുപാടുനേരം നിന്നു. പിന്നെ കൂടിനിന്നവരുടെ ഇടയിലേക്കുപോയി.   
ഷര്‍ട്ടില്‍ ആരോ പിടിച്ചു വലിക്കുന്നതുപോലെ ബാലുമാഷ് തിരിഞ്ഞുനോക്കി അവനാണ് അനന്തു...  എന്താടാ മാഷ് അവന്‍റെ അടുത്തേക്കിരുന്നു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു... “മാഷേ... എന്‍റെ അമ്മേടെ ഹൃദയം മാളുവിനു വെക്കാന്‍ പറ്റുമോ..?” കൂടി നിന്നവരൊക്കെ അവനെ തന്നെ നോക്കി. എല്ലാവരുടെയും മുഖത്ത് വല്ലാത്ത ഒരു ഭാവമായി. ശങ്കരന്മാമ സമ്മതിച്ചതോടെ എല്ലാം പെട്ടന്ന് തന്നെ നടന്നു. അമ്മയുടെ മരണത്തിന്‍റെ ചടങ്ങുകള്‍ കഴിഞ്ഞു അവന്‍ അമ്മാവനോടൊപ്പം പോയി. പിന്നെ മാളുവിനെ കാണുന്നത് അവനെ  അനുമോദിക്കാന്‍ ചേര്‍ന്ന ചടങ്ങിലാണ്.
                    വണ്ടി ബ്രേക്കിട്ട് അയാള്‍ ഉണര്‍ന്നു. വണ്ടി കല്യാണ വീടിന്‍റെ മുന്നില്‍ നില്‍ക്കുന്നു. “ സര്‍ എത്തി.... “ ഡ്രൈവര്‍ തിരിഞ്ഞുനോക്കി. അയാള്‍ കാറില്‍നിന്നും ഇറങ്ങി ഓര്‍മ്മകള്‍ ഉറങ്ങുന്ന തന്‍റെ ഗ്രാമം, തന്‍റെ സഹോദരി അല്ല തന്‍റെ അമ്മയുടെ ഹൃദയം. ആ സ്നേഹമാവാം അവളിലൂടെ തനിക്കു കിട്ടുന്നത്. “ അനന്തെട്ടാ ..” അവള്‍ ഓടിവന്നു അവനെ കെട്ടിപിടിച്ചു ... അപരിചിതത്വം ഇല്ലാതെ. ആ ഹൃദയത്തിനു അവന്‍ എന്നും സ്വന്തമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഞാൻ

................ ഇരുത്തം വന്നിരിക്കുന്നു. പക്വതയോടെ കാര്യങ്ങൾ ചിന്തിക്കുന്നു. താൻ ഒരു നല്ല മകനായിരുന്നോ, സഹോദരനായിരുന്നു, ഭർത്താവായിരുന്നോ ...